മനുഷ്യരാശിയുടെ ഈടുവയ്പുകൾ
ഏറ്റവും നിശബ്ദമായി എന്നാൽ ഏറ്റവും ശ്കതമായി മനുഷ്യരാശിയെ സ്വാധിനിക്കാൻ പുസ്തകങ്ങളോളം മറ്റൊന്നിനും കഴിഞ്ഞിട്ടില്ല.പുസ്തകങ്ങൾ ഗുരുക്കന്മാരായി ,അവ മനുഷ്യനെ വിലപ്പെട്ട പാഠങ്ങൾ പഠിപ്പിച്ചു .പുസ്തകങ്ങൾ വഴികാട്ടികളായി,അവ മനുഷ്യനെ കൈപിടിച്ചു നടത്തി .പുസ്തകങ്ങൾ പടനായകരായി ,അവ മനുഷ്യനെ ആയുധമണിയിച്ചു.ജനകോടികളെ നയിക്കുന്ന മതഗ്രന്ഥങ്ങൾ മുതൽ ഓരോ വാക്കിനും അർത്ഥO പറഞ്ഞു തരുന്ന നിഘണ്ടുക്കൾ വരെ ...
മനുഷ്യസംസ്കാരത്തിന്റെ ഈടുവയ്‌പ്പുകളാണ് 'ക്ലാസിക്കുകൾ' എന്നറിയപ്പെടുന്ന വിശ്വമഹാഗ്രന്ഥങ്ങൾ.അവ എഴുതപെട്ട ഭാഷക്കും ദേശത്തിനും കാലത്തിനും അതീതമായി ലോകത്തെങ്ങുമുള്ളവരെ എക്കാലത്തും സ്വാധിനിക്കുന്നു.
ചാൾസ് ഡാർവിൻറെ 'ഓൺ ദ ഒറിജിൻ ഓഫ് സ്പിഷീസ് ' എന്ന പുസ്തകം ,മനുഷ്യൻ ഉൽപത്തിയെക്കുറിച്ചു നൂറ്റാണ്ടുകളായി വച്ചുപുലർത്തിയിരുന്ന വിശ്വാസങ്ങളുടെ അടിവേരുകൾ അറുത്തുമാറ്റി. മൂലധനത്തെയും അധ്വാനത്തെയും കുറിച്ചുള്ള പഴഞ്ചൻ സിദ്ധാന്തങ്ങളെ ഉള്ളവനെന്നും ഇല്ലാത്തവനെന്നും ഉള്ള വർഗ വിഭജനത്തിന്റെ അടിസ്ഥാനത്തിൽ 'മൂലധന' ത്തിലൂടെ മാർക്‌സ് മാറ്റിയെഴുതി.സ്വപ്നങ്ങളെ വ്യാഖ്യാനിച്ചുകൊണ്ട് ഫ്രോയിഡ് മനുഷ്യമനസിന്റെ നിഗൂഢതകളുടെ ചുരുളഴിച്ചു.
ക്ലാസ്സിക്ക് കൃതികളുടെ പിറവി പലപ്പോഴും യാദൃച്ഛികമാണ്.'റോബിൻസൺ ക്രൂസോ' എന്ന കൃതിയെടുക്കാം.അതെഴുതിയത് ഒരു ഇറച്ചിവെട്ടുകാരന്റെ മകനാണ്.പഠനം പൂർത്തിയാക്കാത്ത വൈദികവിദ്യാർത്ഥി,പരാജയപ്പെട്ട വസ്ത്രവ്യാപാരി,കടൽക്കൊള്ളക്കാരിൽ നിന്ന് രക്ഷപ്പെട്ട നാവികൻ ,രാജ്യദ്രോഹകുറ്റം ചുമത്തപ്പെട്ട് തടവിലായ ലേഖകൻ ,അധികാരികൾ കഴുത്തിൽ മരച്ചട്ടമിട്ട് തെരുവിലൂടെ നടത്തിച്ച പത്രപ്രവർത്തകൻ.
ഇങ്ങനെ പരാജയങ്ങൾ മാത്രം അനുഭവിച്ച ഡാനിയൽ ഡിഫോ എന്ന മനുഷ്യനാണ് റോബിൻസൺ ക്രൂസോ എന്ന ക്ലാസ്സിക് കൃതി എഴുതിയത് .അതും തന്റെ അറുപതാമത്തെ വയസിൽ !
ചില പുസ്തകങ്ങൾ മനുഷ്യചരിത്രത്തിലെ ഭൂതകാലത്തെ വെട്ടിത്തിരുത്തുന്നു.ചിലത് വർത്തമാനകാലത്തെ പിടിച്ചുലയ്ക്കുന്നു.ഇനിയും ചില ഗ്രന്ഥങ്ങൾ ഭാവിയുടെ ഗതി നിർണയിക്കുന്നു.
ഇബ്സന്റെ പ്രസിദ്ധനാടകമായ ഡോൾസ് ഹൗസിനെക്കുറിച്ചു പറയാറുണ്ട് : അതിൽ നോറ എന്ന കഥാപാത്രം വലിച്ചടച്ച കതകിന്റെ ശബ്‍ദം യൂറോപ്പിലെങ്ങും മുഴങ്ങിയെന്ന് .മഹാഗ്രന്ഥങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ .അവയിലെ കഥാപാത്രങ്ങളോ ആശയങ്ങളോ ഉയർത്തിയ ശബ്‍ദം ലോകമെങ്ങും മുഴങ്ങിക്കൊണ്ടിരുന്നു !

Comments
Post a Comment